കൊടകര : ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുടെ കൂട്ടായ്മ ഇന്ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടക്കും.
ആയിരത്തിഅഞ്ഞൂറില്‍പരം യുവതീയുവാക്കളും വൈദീക – സന്യസ്ത പ്രതിനിധികളും പങ്കെടുക്കുന്ന മഹാസംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും സഭയുടെ വിശ്വസ്ത സന്താനങ്ങളായി പുതുതലമുറയെ വളര്‍ത്താനും മാധ്യമങ്ങളുടെ അതിപ്രസരണത്തില്‍ സത്യത്തിന്റെ സ്വരമാകാനും യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന സംഗമത്തില്‍ സീറോ മലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ചര്‍ച്ചയില്‍ സമൂഹത്തിലെ വിവിധ ആളുകളുടെ വീക്ഷണത്തില്‍ യുവജനങ്ങള്‍ എങ്ങനെ ക്രിസ്തുവിന് ഇന്ന് സാക്ഷ്യം വഹിക്കണമെന്ന് അവതരിപ്പിക്കും. വൈദീകരുടെ പ്രതിനിധിയായി സീറോമലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് ഫാ. അബ്രാഹം കാവില്‍പുരയിടം, സന്യസ്തരെ പ്രതിനിധീകരിച്ച് കര്‍മ്മലീത്ത ഉദയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. വിമല സിഎംസി, നിയമപാലകരുടെ വീക്ഷണത്തില്‍ നിന്നുകൊണ്ടു സംസാരിക്കാന്‍ ഇരിങ്ങാലക്കുട സബ്ജഡ്ജി ജോമോന്‍ ജോണ്‍, സ്ത്രീകളുടെയും അമ്മമാരുടെയും പ്രതിനിധി കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ മേരി റെജീന, സമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളോടെ വിഷയമവതരിപ്പിക്കാന്‍ സിനിമാ സംവിധായകന്‍ ലിയോ തദേവൂസ്, കലാ – സിനിമാ മേഖലയെ പ്രതിനിധീകരിച്ച് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് എന്നിവര്‍ സംസാരിക്കും.
ഫാ. ജോഷി കല്ലേലി സംവിധാനം ചെയ്യുന്ന സ്റ്റേജ് പ്രോഗ്രാം, പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എഡ്‌വിന്‍ ജോഷി അറിയിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ഫാ. വര്‍ഗീസ് അരിക്കാട്ട്, ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. കിരണ്‍ തട്ട്‌ള, ഫാ. ബെഞ്ചമിന്‍ ചിറയത്ത്, ഫാ. സെബി കുളങ്ങര, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ജിജോ വാകപറമ്പില്‍, ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, ഫാ. ലിന്റോ പനംകുളം, ഫാ. മെഫിന്‍ തെക്കേക്കര, ഫാ. ജില്‍സന്‍ പയ്യപ്പിള്ളി, ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ഫാ. ഷാജു ചിറയത്ത്, ലിബിന്‍ ജോര്‍ജ്, റോഷന്‍ തെറ്റയില്‍, മെബിന്‍ ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.