ഓഗസ്റ്റില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട രൂപത. അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടായ വന്‍നാശത്തില്‍ നിന്ന് കരംപിടിച്ചുയര്‍ത്താന്‍ ഇരുപത് ലക്ഷം രൂപയാണ് രൂപത ചെലവഴിക്കുന്നത്. മൂന്നൂറില്‍ പരം വ്യാപാരികള്‍ക്ക് നല്കുന്ന സാമ്പത്തിക സഹായത്തിന് പുറമേ അവരുടെ കുടുംബങ്ങള്‍ക്കായി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയും തയ്യാറാക്കുന്നുണ്ട്. അമ്പഴക്കാട്, വൈന്തല, കല്ലൂര്‍, വെണ്ണൂര്‍, അന്നമനട, മേലഡൂര്‍, പുവത്തുശ്ശേരി, പാറക്കടവ്, പുത്തന്‍വേലിക്കര, മടത്തുംപടി, മാള, തെക്കന്‍ താണിശ്ശേരി, കുഴൂര്‍, കുണ്ടൂര്‍ പ്രദേശങ്ങളിലുള്ള വ്യാപകരികള്‍ക്കുള്ള ചെക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈമാറി. ചാലക്കുടി, കുറ്റിക്കാട്, പുവത്തിങ്കല്‍ മേഖലകളിലുള്ള കച്ചവടകാര്‍ക്കുള്ള സാമ്പത്തിക സഹായം ഒക്ടോബറില്‍ നല്കിയിരുന്നു. എടത്തിരുത്തി, മൂന്നുപീടിക, ചേലൂര്‍ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്കുള്ള സഹായവിതരണം ഉടനെ നടത്തുമെന്ന് സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കോന്തുരുത്തി അറിയിച്ചു. രൂപതയുടെ സാമൂഹ്യപ്രവര്‍ത്തന സ്ഥാപനങ്ങളായ അവാര്‍ഡ് സൊസൈറ്റി, സോഷ്യല്‍ ആക്ഷന്‍, കേരളസഭ പത്രം എന്നവയാണ് ഇതിന് നേതൃത്വം നല്കുന്നത്.