ഇരിങ്ങാലക്കുട രൂപത പതിനാലാം പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം സമ്മേളനം രൂപത ഭവനത്തില്‍ വച്ച് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധിയും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. ജോളി വടക്കന്‍, റവ. ഫാ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ., ഡോ. മ്യൂസ് മേരി എന്നിവര്‍ ക്ലാസ് നയിച്ചു. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലചെയ്യപ്പെട്ട ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ ഘാതകനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ വെറുതെ വിട്ടതില്‍ ഇരിങ്ങാലക്കുട രൂപത പാസറ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. കേരള ഹൈക്കോടതി വിധിയെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം സമ്മേളനം ഉത്കണ്ഠയോടെയാണ് നോക്കികാണുന്നത്. രൂപത നേരത്തെ സംശയിച്ചതുപോലെ യഥാര്‍ത്ഥ കൊലയാളികള്‍ സമൂഹത്തില്‍ ഇപ്പോഴും മാന്യമാരായി വിലസുന്നുണ്ട് എന്നതു സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധിയെന്നു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
മനുഷ്യജീവനും മതമൂല്യങ്ങള്‍ക്കും വില കല്പിക്കാത്തതും ബഹുമാനിക്കാത്തതുമായ ഇത്തരം ഹീന കൃത്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടണം. ജീവിക്കാനും ജീവന്‍ സംരക്ഷിക്കാനും അവകാശവും ഉത്തരവാദിത്വവുമുള്ള ഇന്ത്യ മഹാരാജ്യത്ത് ഇത്തരം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ ജോബ് അച്ചന്‍റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ഉണ്ടാകണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ എട്ടാം സമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.