ഇരിങ്ങാലക്കുട രൂപതാംഗമായ ബഹുമാനപ്പെട്ട റവ. ഡോ. ജോസ് ഇരിമ്പന്‍ (64) നിര്യാതനായി. 28.11.2019 വ്യാഴാഴ്ച വൈകിട്ട് 10.50 ന് എറണാകുളം അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. 1955 ഡിസംബര്‍ 16 ന് ഇരിമ്പന്‍ ദേവസ്സിക്കുട്ടി – അന്നംകുട്ടി ദമ്പതികളുടെ മകനായി പൂവത്തുശ്ശേരിയില്‍ ജനിച്ചു. തൃശൂര്‍ തോപ്പ് സെന്റ് മേരീസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും പരിശീലനം നടത്തിയ ബഹു. ജോസച്ചന്‍ 1980 ഡിസംബര്‍ 22 ന് അഭിവന്ദ്യ മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ആളൂര്‍, ഇരിങ്ങാലക്കുട, കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ സഹ. വികാരിയായും പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍, കുറ്റിക്കാട് ഫൊറോന എന്നിവിടങ്ങളില്‍ വികാരിയായും പാക്‌സ്, അഭയഭവന്‍, ശാന്തിസദനം, സഹൃദയ എഞ്ചിനീയറിംങ്ങ് കോളജ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, മുഖ്യ വികാരി ജനറാള്‍, രൂപത കോടതി ജുഡീഷ്യല്‍ വികാര്‍, സെക്രട്ടറി എന്നീ തസ്തികളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോസൂര്‍ രൂപതയുടെ വികാരി ജനറാള്‍, വിവിധ മേജര്‍ സെമിനാരികളിലെ പ്രൊഫസര്‍, അനേകം മഠങ്ങളില്‍ കപ്ലോന്‍, രൂപത ആലോചന സമിതി കയംഗം, രൂപതാ അദ്ധ്യാത്മിക ഡയറക്ടര്‍, രൂപത ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും ബഹു. ജോസച്ചന്റെ സേവനങ്ങള്‍ ശ്രദ്ധേയമാണ്. പാക്‌സിന്റെയും ഫാമിലി അപ്പസ്‌തോലേറ്റിന്റെയും ഡയറക്ടറായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മരണം.
വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 4 മണി വരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് ജോസഫ്‌സ് വൈദികമന്ദിരത്തിലും 4.30 മുതല്‍ 5 മണി വരെ കല്ലേറ്റുംകരയിലുള്ള പാക്‌സിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. തുടര്‍ന്ന്  വൈകിട്ട് 6 മണി മുതല്‍ ശനിയാഴ്ച്ച രാവിലെ 11 മണി വരെ പൂവത്തുശ്ശേരിയിലുള്ള സഹോദരന്‍ ജോര്‍ജ് ഡി. ഇരിമ്പന്റെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷം ശേഷം 11 മണിക്കു വീട്ടിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതുമാണ്. ഉച്ചയ്ക്കു 12 മണി മുതല്‍ 2.30 വരെ പൂവത്തുശ്ശേരി സെന്റ് ജോസഫ്‌സ് ഇടവകദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷം മൃതസംസ്‌കാരശുശ്രൂഷയുടെ രണ്ടാം ഭാഗവും വി. കുര്‍ബ്ബാനയും തുടര്‍ന്ന് മൂന്നാം ഭാഗത്തിനുശേഷം ഇടവക സിമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കാരിക്കുന്നതുമാണ്.

മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത മെത്രാന്‍