ഇരിങ്ങാലക്കുട : രൂപതയിലെ സീനിയര്‍ വൈദികനായ  മോണ്‍സിഞ്ഞോര്‍ ജോസഫ് കവലക്കാട്ട് (93) 2019 നവംബര്‍ 13 ബുധനാഴ്ച്ച രാത്രി 09.15 ന്  നിര്യാതനായി. അച്ചന്റെ മൃതസംസ്‌കാര കര്‍മ്മങ്ങള്‍ ഇന്ന്  2019നവംബര്‍ 15-ന് വെള്ളിയാഴ്ച പരിയാരം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരി കപ്പേളയില്‍ നടക്കുന്നതാണ്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട് അനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദികഭവനില്‍ രാവിലെ 7 മണി മുതല്‍ 8 മണിവരെയും 8.30 മുതല്‍ 11.30 വരെ പരിയാരത്തുള്ള ജോസഫച്ചന്റെ സഹോദരപുത്രന്‍ കവലക്കാട്ട് ചിറപ്പണത്ത് മാത്യു വില്‍സന്റെ ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ചാലക്കുടി സെന്റ് ജോസഫ് ഭവനിലെ  പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പാനികുളവും സഹോദരപുത്രന്റെ വസതിയില്‍ വച്ചുള്ള ശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും നേതൃത്വം നല്‍കുന്നു. സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 2.30 വരെയുള്ള പൊതുദര്‍ശനത്തിനുശേഷം നടത്തപ്പെടുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും വിശുദ്ധ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും കാര്‍മ്മികത്വം വഹിക്കുന്നതാണ്. ദിവ്യബലിയെതുടര്‍ന്നുളള സമാപന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും. തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
പരിയാരം സെന്റ് ജോര്‍ജ്ജ് ഇടവകാംഗമായ ജോസഫച്ചന്‍ 1926 ഒക്‌ടോബര്‍ 9ന് കവലക്കാട്ട് ചിറപ്പണത്ത് ആഗസ്തി – കുഞ്ഞ്യാളിച്ചി ദമ്പതികളുടെ മകനായി ജനിച്ചു. 1955 മാര്‍ച്ച്  13 ന് തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലപ്പാട്ടില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച അദ്ദേഹം  തൃശ്ശൂര്‍ അതിരൂപതയിലെ കോട്ടപ്പടി, വേലൂര്‍ ഫൊറോന എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും മുക്കാട്ടുകര, മാള ഫൊറോന, പുത്തന്‍ചിറ ഫൊറോന, പാവറട്ടി, പെരുവല്ലൂര്‍, വടക്കാഞ്ചേരി ഫൊറോന, തിരുത്തിപ്പറമ്പ്, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍, പേരാമ്പ്ര, വല്ലപ്പാടി എന്നിവിടങ്ങളില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. തൃശ്ശൂര്‍ അതിരൂപതയുടെ വൈസ് ചാന്‍സലറായും ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ചാന്‍സലറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതാ ചാന്‍സലറായിരിക്കെ 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയില്‍ നിന്നും ‘ഹോണററി പ്രിലേറ്റ്’എന്ന മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു. അവിഭക്ത തൃശ്ശൂര്‍ അതിരൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും രൂപത ഉപദേശക സമിതി അംഗം, തൃശ്ശൂര്‍ അതിരൂപതയില്‍ അസ്സി. പ്രൊക്കുറേറ്റര്‍, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ അസ്സി. ഡയറക്ടര്‍ എന്നീ നിലകളിലും ഇരിങ്ങാലക്കുട രൂപതയില്‍ എപ്പാര്‍ക്കിയല്‍ ജഡ്ജ്, പ്രെസ്ബിറ്ററല്‍ & പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിയാനി ഹോം ഡയറക്ടര്‍, ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരി & ജോണ്‍ പോള്‍ ഭവന്‍ സ്പിരിച്ച്വല്‍ ഫാദര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുള്ള ജോസഫച്ചന്‍ വിവിധ കോണ്‍വെന്റുകളില്‍ കപ്ലോനായും വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും ആദ്ധ്യത്മിക ഡയറക്ടറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.