കൊടകര : കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനും സഭയോടും സമൂഹത്തോടും നീതി പുലര്‍ത്തി ക്രൈസ്തവ ജീവിതം കെട്ടിപ്പടുക്കാന്‍ യുവ സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനും ക്രിസ്തുവിന്റെ വിശ്വസ്ത അനുയായികളാകാന്‍ യുവതി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇരിങ്ങാലക്കുട രൂപത നടത്തിയ ‘യുവെന്തൂസ് എക്ലേസിയ 2019’ സംഘാടക മികവുകൊണ്ടും യുവജനസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. രൂപതയിലെ 137 ഇടവകകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പരം യുവജനങ്ങള്‍ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഓഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ യുവജനസാഗരമാക്കി മാറ്റി. രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ നീണ്ടുനിന്ന യുവജനകൂട്ടായ്മ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ നന്മയുടെ നിറദീപങ്ങളാണെന്നും ഇരിങ്ങാലക്കുട രൂപതയുടെ ശക്തി യുവജനങ്ങളാണെന്നും ആധുനികതയുടെ വെല്ലുവിളികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് നേരിടണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മ്മപ്പെടുത്തി. തലശേരി അതിരൂപതയുടെ സഹായമെത്രാനും സീറോ മലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്‍ ചെയര്‍മാനും ദൈവശാസ്ത്രജ്ഞനുമായ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ക്ലാസ് നയിച്ചു. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലളിതമായ ഭാഷയില്‍ മാര്‍ പാംപ്ലാനി ഉത്തരം നല്‍കി. സഭയോട് ചേര്‍ന്നു നില്‍ക്കുന്ന യുവജനങ്ങളാകാന്‍ അദ്ദേഹം യുവതീയുവാക്കളെ ഉദ്‌ബോധിപ്പിച്ചു. യുവജന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശുദ്ധ ബലി അര്‍പ്പിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയി പാല്യേക്കര, ജനറല്‍ കണ്‍വീനര്‍ ഫാ. ജോഷി കല്ലേലി, ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ഗാനശുശ്രൂഷയും സ്‌നേഹവിരുന്നും നടന്നു. ഉച്ചകഴിഞ്ഞ് നടന്ന പാനല്‍ ചര്‍ച്ചയില്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുത്തു. മാധ്യമങ്ങളിലൂടെയും അവിശ്വാസികളിലൂടെയും പ്രത്യയശാസ്ത്രങ്ങളിലൂടെയും വികലമാക്കപ്പെടുന്ന കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ സൗന്ദര്യം തിരികെ പിടിക്കുവാന്‍ യുവതീയുവാക്കളെ സജ്ജരാക്കുന്ന വിധത്തില്‍ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍, ഇരിങ്ങാലക്കുട അഡീഷണല്‍ സബ് ജഡ്ജ് ജോമോന്‍ ജോണ്‍, തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല പ്രൊഫസറുമായ മേരി റെജീന, സിനിമ സംവിധായകന്‍ ലിയോ തദേവൂസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, കര്‍മ്മലീത്ത ഉദയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. വിമല സിഎംസി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോഷി കല്ലേലി സംവിധാനം ചെയ്ത അമ്പതിലധികം കലാകാരന്മാര്‍ പങ്കെടുത്ത ‘ദി യങ്ങ് ഡിസൈപിള്‍സ്’ എന്ന സ്റ്റേജ് പ്രോഗ്രാമും യുവജനകൂട്ടായ്മയില്‍ ഉണ്ടായിരുന്നു. എഡ്‌വിന്‍ ജോഷി, മെബിന്‍ ജോണ്‍സണ്‍, റോഷന്‍ തെറ്റയില്‍, ലിബിന്‍ ജോര്‍ജ്, അഞ്ജലി ജോസ്, ജിസി പ്രിന്‍സ്, ഡാലിയ ഡേവിസ്, അഖില്‍ കുറ്റിപ്പുഴ, നിതിന്‍ വില്‍സന്‍, മിന്നു തെരേസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഫാ. വര്‍ഗീസ് അരിക്കാട്ട്, ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. കിരണ്‍ തട്ട്‌ള, ഫാ. ബെഞ്ചമിന്‍ ചിറയത്ത്, ഫാ. സെബി കുളങ്ങര, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ജിജോ വാകപറമ്പില്‍, ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, ഫാ. ലിന്റോ പനംകുളം, ഫാ. മെഫിന്‍ തെക്കേക്കര, ഫാ. ജില്‍സന്‍ പയ്യപ്പിള്ളി, ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ഫാ. ഷാജു ചിറയത്ത്, യുവജന സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോണ്‍. ജോയ് പാല്യേക്കര സ്വാഗതവും എഡ്‌വിന്‍ ജോഷി നന്ദിയും അര്‍പ്പിച്ചു.