കുറ്റിക്കാട് : പച്ചക്കറിത്തോട്ട നിര്‍മാണവും ഉദ്യാനം വൃത്തിയാക്കലും അലങ്കാര മല്‍സ്യക്കുളം പുനരുദ്ധരിച്ചു അവിടെ മാതാവിന് പുതിയ ഗ്രോട്ടോ നിര്‍മിക്കലുമായി കുറ്റിക്കാട് ഫൊറോന വികാരി ഫാ. വില്‍സന്‍ ഈരത്തറ, അസി. വികാരി ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലം പ്രയോജനപ്പെടുത്തി. മല്‍സ്യക്കുളക്കരയില്‍ നിര്‍മിച്ച ഗ്രോട്ടോയില്‍ ‘കൊറോണ മാതാവി’നെ പ്രതിഷ്ഠിച്ചു. ഗ്രോട്ടോയില്‍ ഇരുന്നു പ്രാര്‍ഥിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. ഇടവക ശതാബ്ദിയുടെ ഭാഗമായി നടപ്പാക്കിയ പച്ചക്കറിത്തോട്ട പദ്ധതിയില്‍ ബാക്കിവന്ന ഗ്രോബാഗുകളില്‍ വിവിധ ഇനം പച്ചക്കറിത്തൈകള്‍ നട്ടുവളര്‍ത്തി. പള്ളിയുടെ വടക്കുഭാഗത്ത് വൃത്തിഹീനമായി കിടന്നിരുന്ന സ്ഥലത്ത് ഒരു സെന്റ് വിസ്തൃതിയില്‍ മീന്‍കുളം നിര്‍മിച്ചു. 2000 -ത്തോളം മല്‍സ്യക്കുഞ്ഞുങ്ങളെ ഇതില്‍ നിക്ഷേപിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു ഭക്തസംഘടനകളുടെ സഹകരണത്തോടെ പള്ളിയുടെ തെക്ക് തയാറാക്കിയ ഫ്രൂട്ട് ഗാര്‍ഡന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായി കിടന്നിരുന്ന പള്ളിപ്പറമ്പിന്റെ ഭാഗങ്ങളില്‍ വിവിധയിനം പച്ചക്കറി കൃഷിക്കും ഇടവകാംഗങ്ങള്‍ തുടക്കമിട്ടു.