ഇരിങ്ങാലക്കുട : ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യാഗ്നി പകര്‍ന്നു നല്‍കാന്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതിന്റെ 1966 -ാം വാര്‍ഷികവും ഭാരത പ്രവേശന തിരുനാളും കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ ഇന്ന് ആഘോഷിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ഇരിങ്ങാലക്കുട രൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. രൂപതയിലെ വിവിധ ഇടവകകളിലെ കേന്ദ്രസമിതി പ്രസിഡന്റുമാരും പ്രതിനിധിയോഗം സെക്രട്ടറിമാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സന്യസ്ത പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ 11.30 ന് നടക്കുന്ന സെമിനാറിന് ഫാ. റോയ് കണ്ണന്‍ചിറ സി.എം.ഐ നേതൃത്വം നല്‍കും. മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറിനു ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവന വര്‍ഷം പ്രമാണിച്ച് കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനവും പദയാത്രയും ആഘോഷങ്ങളും ഈ വര്‍ഷം മാറ്റിവച്ചിരിക്കുകയാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.