ഇരിങ്ങാലക്കുട : തൃശൂര്‍ അതിരൂപതയെ വിഭജിച്ച് ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായിട്ട് 2018 സെപ്റ്റംബര്‍ 10ന് 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2017 സെപ്റ്റംബര്‍ 10ന് ആരംഭിച്ച റൂബി ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ ലളിതമായ ചടങ്ങുകളോടെ നടക്കും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് രൂപതയിലെ വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. സന്യാസഭവനങ്ങളിലെ സുപ്പീരിയര്‍മാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരും റൂബി ജൂബിലി  കമ്മറ്റി അംഗങ്ങളും സെമിനാരി വിദ്യാര്‍ഥികളും ചടങ്ങുകളില്‍ പങ്കെടുക്കും.

തോരാതെ പെയ്ത മഴയില്‍ ഡാമുകള്‍ കരകവിഞ്ഞൊഴുകി കേരളം ഇതുവരെ കാണാത്ത ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരുടെ സംരക്ഷണത്തിനും പ്രളയദുരിതത്തില്‍ തകര്‍ന്നുപോയ കേരളത്തെ പടുത്തുയര്‍ത്തുന്നതിനുംവേണ്ടി റൂബി ജൂബിലി സമാപനത്തോടനുബന്ധിച്ച് വിഭാവനം ചെയ്ത എല്ലാ ആഘോഷപരിപാടികളും മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത നല്‍കുന്ന തുക ഇന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥിന് കൈമാറുന്നതാണ്. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സന്നിഹിതരായിരിക്കും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന അതിജീവനവര്‍ഷത്തിന്റെ പ്രഖ്യാപനം കത്തിഡ്രല്‍ ദൈവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് ഉണ്ടാകും.

മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ഇരിങ്ങാലക്കുട രൂപതയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപത തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ നടക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പുനരധിവാസ പദ്ധതികളെ എല്ലാവരിലേക്കും എത്തിക്കുന്നതിന് ഇരിങ്ങാലക്കുട രൂപത മുന്‍കൈ എടുക്കും. ദുരിതമേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകളും കൗണ്‍സലിംഗ് സംവിധാനങ്ങളും സൗജന്യമായി ഒരുക്കുന്നതിന് വേണ്ടത്ര സംവിധാനങ്ങള്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.