ഇരിങ്ങാലക്കുട : പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങൾ ആണ് സഭയുടെ മുഖമുദ്ര എന്നും സഭാമക്കളുടെ കുലീനത്വം ആണ് അതിനു പിന്നിലെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പാരമ്പര്യമായി ലഭിച്ച ആ കുലീനത്വം ശക്തിപ്പെടുത്താൻ കുടുംബങ്ങളെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരിങ്ങാലക്കുട രൂപത -ദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനുശേഷം അദ്ദേഹത്തിന് ഇരിങ്ങാലക്കുട രൂപത നൽകുന്ന ഔദ്യോഗീക സ്വീകരണ വേദിയായി ഈ രൂപതാ ദിനം.
കുടുംബങ്ങൾ ഇന്ന് വിവിധ തലങ്ങളിൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നുണ്ട്. അജപാലന ദൗത്യത്തിന്റെ മുഖ്യശ്രദ്ധ ഇനിയുള്ള കാലത്ത് കുടുംബങ്ങളിൽ കേന്ദ്രീകരിക്കണം. വിശ്വാസികൾ ഏത് മേഖലകളിൽ ആയിരുന്നാലും മൂല്യാധിഷ്ഠിതമായ ക്രൈസ്തവ സാക്ഷ്യം പ്രഘോഷിക്കണം.
ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ – ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെ ദൈവ സ്നേഹവും പരസ്നേഹവും ജീവിക്കുന്ന പാരമ്പര്യമാണ് തുടരുന്നത് എന്നും ഇവിടത്തെ വൈദിക , സന്യസ്ത, അൽമായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ദൈവാരാധനയിൽ അധിഷ്ഠിതമായ വിശ്വാസ ജീവിത പരിശീലനവും കുടുംബങ്ങളുടെ ശാക്തീകരണവും ആണ് രൂപത ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലെ ഭവന നിർമ്മാണ- പുനരധിവാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ കെ.സി.ബി.സി. പ്രതിനിധി ഫാദർ ജേക്കബ് മാവുങ്കലിന് കൈമാറി.
രൂപതയുടെ 2023 വർഷത്തെ കേരള സഭ താരം അവാർഡ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് മുൻ എം.ഡി. വി. ജെ. കുര്യൻ ഐ.എ.എസ്. – ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മാനിച്ചു.
ഹൊസൂർ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ., വി. ജെ. കുര്യൻ ഐ.എ.എസ്., ഫാദർ ആന്റണി മുക്കാട്ടുകരക്കാരൻ, സുപ്പീരിയർ സിസ്റ്റർ ലൂസീന സി എസ് സി , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ, വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ മോൺ. വിൽസൻ ഈരത്തറ, മോൺ. ജോളി വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
രൂപതയുടെ സുവർണ്ണ ജൂബിലിക്ക് ഒരുക്കമായി ആരംഭിക്കുന്ന സുവർണ്ണഗേഹം പദ്ധതി ഉദ്ഘാടനം ചെയ്തു.