Diocese News​

ചരിത്രമെഴുതി ഇരിങ്ങാലക്കുട രൂപത 43-ാം വയസിലേക്ക്

Date

Facebook
Twitter
LinkedIn
WhatsApp

രൂപതാദിനാഘോഷങ്ങള്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി ഇരിങ്ങാലക്കുടയില്‍* 43-ാം രൂപതാദിനവും ദൈവവിളി പ്രോത്സാഹനവര്‍ഷത്തിന്റെ സമാപനവും ഇന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ രാവിലെ 9 മണിക്ക് * രൂപത യുട്യൂബ് ചാനലിലും ഷെക്കെയ്‌ന ടിവിയിലും തത്‌സമയ സംപ്രേക്ഷണംഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയുടെ മധ്യഭാഗത്തു നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും വീണലിഞ്ഞ മണ്ണില്‍ ഇരിങ്ങാലക്കുട രൂപതയെന്ന വിത്ത് പേരു സൂചിപ്പിക്കും പോലെ വിരിഞ്ഞ്, വളര്‍ന്ന്, പടര്‍ന്നു പന്തലിച്ചുതുടങ്ങിയിട്ട് ഇന്ന് 42 വര്‍ഷം പൂര്‍ത്തിയാകുന്നു. മതമൈത്രിയുടെയും വിശ്വസാഹോദര്യത്തിന്റെയും വിജ്ഞാന വരപ്രസാദത്തിന്റെയും ശീലുകള്‍കേട്ട് തഴമ്പിച്ച നാട്ടില്‍ 1978 സെപ്റ്റംബര്‍ 10ന് പിറവികൊണ്ട ഇരിങ്ങാലക്കുട രൂപത 42 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന രൂപത സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലേക്ക് ഇനി വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളേ അവശേഷിക്കുന്നുള്ളൂ. ഇന്ന് രാവിലെ 9 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമവും വിശുദ്ധ കുര്‍ബാനയും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ നടക്കും. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും വിളുമ്പുകളിലേക്ക് ഒതുക്കപ്പെട്ടവരുടെ ശബ്ദമാകാനും അശരണരും ആലംബഹീനരുമായവരുടെ വേദനകളില്‍ പങ്കുകൊള്ളാനും ഇരിങ്ങാലക്കുട രൂപത എന്നും നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ‘ബ്ലസ് എ ഹോം’ എന്ന കുടുംബക്ഷേമ പദ്ധതിയിലൂടെ 1558 കുടുംബങ്ങള്‍ക്ക് 8,07,69,489 തുക രൂപതയ്ക്ക് അകത്തും കേരളത്തിനു പുറത്തുമുള്ള വിവിധ മിഷന്‍ രൂപതകളിലുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും നിര്‍ധനരായ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും രൂപത സാമ്പത്തിക സഹായം ചെയ്തുകൊടുത്തു വരുന്നുണ്ട്. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഓര്‍മ്മയ്ക്കായി നാന്ദി കുറിച്ച ‘ഹൃദയ പാലിയേറ്റീവ് കെയര്‍’ നാനാജാതി മതസ്ഥരായ അനേകം കിടപ്പുരോഗികളുടെയും നിരാലംബരായ മനുഷ്യരുടെയും അത്താണിയാണിപ്പോള്‍. 1350 രോഗികളെ ഭവനങ്ങളില്‍ ചെന്നു ശുശ്രൂഷിക്കുകയും 1200 ല്‍ പരം മനുഷ്യരുടെ മരണവേദനകളില്‍ സമാശ്വാസമാകുകയും പാവപ്പെട്ടവരുടെ മൃതസംസ്‌കാര വേളകളില്‍ ആംബുലന്‍സ്, ഫ്രീസര്‍ തുടങ്ങിയവയുടെ സൗജന്യ സഹായം ഒരുക്കുകയും ചെയ്തു വരുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭാംഗങ്ങളുടെ മൃതദേഹ സംസ്‌കാരം ഏറ്റവും ആദരവോടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ അകമ്പടികളോടെയും സഭ അനുശാസിക്കുന്ന രീതിയിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് ആവശ്യമായ ദ്രുതകര്‍മ്മസേനയെ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഈയടുത്ത് സജ്ജമാക്കിയത് അനേകര്‍ക്ക് ഉപകാരപ്രദമായിക്കൊണ്ടിരിക്കുന്നു. യുവവൈദികര്‍ അടക്കമുള്ള 300 ല്‍ പരം യുവാക്കളുടെ സഹായസഹകരണങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല 5 കോടി രൂപ കൊറോണ വൈറസ് വ്യാപനം ആരംഭിച്ച മാര്‍ച്ച് മുതല്‍ ഇന്നുവരെ ഇരിങ്ങാലക്കുട രൂപത അര്‍ഹതപ്പെട്ടവര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-ആതുരസേവന രംഗത്തും മലയോര മേഖലകളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളിലും രൂപതയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ചരിത്രമാണ്. ചെന്നൈ മിഷനിലും ഇപ്പോഴത്തെ ഹൊസൂര്‍ സീറോ മലബാര്‍ രൂപതയിലും ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ സില്‍ച്ചാര്‍ മിഷനിലും രൂപത സേവനം ഉറപ്പാക്കിവരുന്നു. രൂപതയുടെ ല്യൂമന്‍ യൂത്ത് സെന്ററും സിവില്‍ സര്‍വീസ് പരിശീലനവും പി. എസ്. സി. ബാങ്ക് പരിശീലനവും ക്രിസ്തീയ ന്യുനപക്ഷ അവകാശ സമിതിയും യുവതിയുവാക്കളുടെ പരിശീലനത്തിനു വേണ്ടിയുള്ള പുതിയ പദ്ധതികളാണ്. പൊതുജന രംഗത്തും സര്‍ക്കാര്‍ സംവിധാനങ്ങളിലും സാമൂഹിക-കുടുംബക്ഷേമ പദ്ധതികളിലും മാധ്യമരംഗത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണവകുപ്പുകളിലും നമ്മുടെ യവുതീയുവാക്കളെ എത്തിക്കുക എന്നതാണു രൂപതയുടെ പുതിയ ദൗത്യം. മാധ്യമരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ‘കേരളസഭ’ പത്രത്തിലൂടെയും ‘ദര്‍ശന്‍’ മീഡിയ സെന്ററിലൂടെയും പരിശ്രമിച്ചു വരുന്നു. ഇരിങ്ങാലക്കുട രൂപതയുടെ അദ്ഭുതകരമായ വളര്‍ച്ചയില്‍ കര്‍മ്മോദ്യുക്തരായ ഇടവക വൈദികര്‍ക്കും അതുപോലത്തന്നെ അനിഷേധ്യമായ സാന്നിധ്യവും ബലവുമായ ആയിരക്കണക്കിന് അത്മായ സഹോദരങ്ങള്‍ക്കും ഇടവക പ്രവര്‍ത്തനങ്ങളില്‍ കാര്യമാത്രപ്രസക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എല്ലാ സന്യാസിനി സന്യാസികള്‍ക്കും ബ്രദേഴ്‌സിനും മറ്റു അഭ്യുദയകാംക്ഷികള്‍ക്കും ഇത്തരുണത്തില്‍ കൃതജ്ഞതയര്‍പ്പിക്കുന്നുവെന്ന് രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. രൂപതയില്‍ നിന്നുള്ള 500 ല്‍ പരം വൈദികരും 2000 ല്‍ പരം സന്യസ്തരും ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നുണ്ട് എന്നത് രൂപതയുടെ യശസ് വാനോളം ഉയര്‍ത്തുന്നുവെന്നും ഇതുവരെ രൂപതയുടെ വളര്‍ച്ചയില്‍ കൂടെനിന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി സമര്‍പ്പിക്കുന്നുവെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. രൂപത വികാരി ജനറല്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്‌ള, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട്, സെക്രട്ടറി റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ എന്നിവര്‍ ലളിതമായ രൂപതാദിന ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പിആര്‍ഒ റവ. ഫാ. ജിജോ വാകപറമ്പില്‍ അറിയിച്ചു.