Diocese News​

ചരിത്രമെഴുതി കടന്നുപോകുന്നത് ഒരു കര്‍മ്മയോഗി – ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

Date

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp

സീറോ മലബാര്‍ സഭയുടെ അഭിമാനവും സമാനതകളില്ലാത്ത ബഹുമുഖ പ്രതിഭയും സാധാരണക്കാരുടെ അത്താണിയുമായിരുന്നു കാലം ചെയ്ത ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ കഠിനാധ്വാനത്തിലൂടെ, ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെ, അതിലുപരി അത്യഗാധമായ വിശ്വാസ ബോധ്യങ്ങളിലൂടെ രൂപതയെ വളര്‍ത്തി വലുതാക്കുന്നതില്‍ നിസ്തുലമായ പങ്ക് ബിഷപ് പോള്‍ ചിറ്റിലപ്പിള്ളി വഹിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം പിതാവ് അലങ്കരിക്കുന്ന സമയത്ത് ഏകദേശം നാലുവര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം സെക്രട്ടറിയെന്ന നിലയില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറെ അഭിമാനത്തോടെ ഈ നിമിഷം ഓര്‍ക്കുന്നു. പിതാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പദ്ധതി വിഭാവനം ചെയ്യലും രാപ്പകലുകള്‍ നീണ്ട കഠിനാധ്വാനവും അനുകരിക്കപ്പെടേണ്ട മാതൃകകള്‍ തന്നെയാണ്. സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ സംബന്ധമായ വളരെയേറെ ഗ്രന്ഥങ്ങള്‍ നവീകരിക്കപ്പെട്ടതും സീറോ മലബാര്‍ വ്യക്തിസഭയുടെ നിയമങ്ങള്‍ (ജമശേരൗഹമൃ ഘമം)െ ക്രോഡീകരിക്കപ്പെട്ടതും ചിറ്റിലപ്പിള്ളി പിതാവ് ചെയര്‍മാനായിട്ടുള്ള കമ്മീഷന്റെ കാലത്താണ്. തമരശ്ശേരി രൂപത ഇന്നു കാണുന്ന വിധത്തില്‍ വളര്‍ച്ച പ്രാപിച്ചതിന്റെ പുറകിലും കര്‍മ്മയോഗിയായ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ അനിതരസാധാരണമായ കൈയൊപ്പുണ്ട് എന്നത് ചരിത്ര സത്യമാണ്. 1966 ല്‍ അവിഭക്ത തൃശൂര്‍ രൂപതയുടെ ഭാഗവും ഇപ്പോള്‍ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലും ആയിരിക്കുന്ന ആളൂര്‍, വെള്ളാഞ്ചിറ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി പിതാവ് സേവനം ചെയ്തത് ഏറെ അഭിമാനപൂര്‍വം സ്മരിക്കുന്നു. ആതിഥ്യമര്യാദ കൊണ്ടും വ്യക്തിപരമായ അടുപ്പംകൊണ്ടും കുടുംബങ്ങളുടെ വളര്‍ച്ചയിലുള്ള താത്പര്യംകൊണ്ടും വ്യത്യസ്തനായ പിതാവ് വൈജ്ഞാനിക രംഗത്തും രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലും പൗരോഹിത്യത്തിന്റെ യശസ് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ അപൂര്‍വ വ്യക്തിത്വമാണ്. കേരള കത്തോലിക്കാ സഭയില്‍ പകരം വയ്ക്കാനില്ലാത്ത പ്രാഭവം കൊണ്ടും ത്യാഗനിര്‍വിശേഷമായ സാമിപ്യം കൊണ്ടും അതിരുകളില്ലാത്ത മനുഷ്യസ്‌നേഹം കൊണ്ടും ഇടം നേടിയ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ഇരിങ്ങാലക്കുട രൂപതയുടെ ആദരാഞ്ജലികള്‍.