ഇരിങ്ങാലക്കുട : നിര്‍ധന രോഗികള്‍ക്ക് ഇനി ധൈര്യമായി ഓണം ആഘോഷിക്കാം. ഇരിങ്ങാലക്കുട രൂപത മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ 532 നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുകയാണ്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആളൂര്‍ ബിഎല്‍എം സെന്ററില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ആയിരം രൂപ വിലമതിക്കുന്ന ഓണക്കിറ്റുകള്‍ ജാതിമതഭേദമെന്യെ ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയില്‍ വിതരണം ചെയ്യുമെന്ന് ബിഷപ് കണ്ണൂക്കാടന്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും സാധാരണക്കാരെ വല്ലാതെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കിറ്റുകള്‍ ഉപകാരപ്രദമാകുമെന്ന് ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോവിഡ്-19 കാലഘട്ടത്തില്‍ ഇതു രണ്ടാം തവണയാണ് ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സൗജന്യ അവശ്യ സാധനങ്ങളുടെ വിതരണം നടത്തുന്നത്. രൂപതയുടെ കീഴിലുള്ള ആയിരത്തിമൂന്നൂറില്‍ പരം നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ചികിത്സ പ്രദാനം ചെയ്യുന്നതിന് ഹൃദയ പാലിയേറ്റീവ് കെയറിന് കഴിഞ്ഞിട്ടുണ്ട്. കൊറോണ രോഗവ്യാപന കാലഘട്ടത്തിലും ധൈര്യപൂര്‍വം ഭവനങ്ങളില്‍ ചെന്ന് സാന്ത്വന പരിചരണത്തിന് നേതൃത്വം നല്‍കിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഹൃദയ പാലിയേറ്റീവ് കെയര്‍ സ്റ്റാഫംഗങ്ങളെയും ഡയറക്ടര്‍മാരെയും ബിഷപ് അഭിനന്ദിച്ചു. കിറ്റ് വിതരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്തു തന്ന സുമനസുകള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ഇതിനു നേതൃത്വം വഹിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തുകൊണ്ട് ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യവികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സംസാരിച്ചു. ഉദ്ഘാടന പരിപാടികള്‍ക്ക് ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി നേതൃത്വം വഹിച്ചു. റീജിയണല്‍ ഡയറക്ടര്‍മാരായ ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. ടോം വടക്കന്‍, ബിഷപ് സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പില്‍, മേഖല കോ-ഓര്‍ഡിനേറ്റര്‍മാരായ ആനി ആന്റു, ഡേവിസ് കണ്ണമ്പിള്ളി, ജോര്‍ജ് പാലത്തിങ്കല്‍ എന്നിവരും ഹൃദയ പാലിയേറ്റീവ് കെയര്‍ സ്റ്റാഫംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.