ചാലക്കുടി: പോട്ടയിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച ഡയാലിസിസ് പേഷിന്റ് കൂടിയായ വ്യക്തി ഇന്ന് രാവിലെ മരണമടഞ്ഞതിനെ തുടർന്ന് ഇയാളെ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം പോട്ട ലിറ്റിൽ ഫ്ലവർ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. പോട്ട പഴേടതുപറമ്പിൽ ചാക്കു മകൻ ബെന്നിയുടെ (45) മൃതശരീരമാണ്ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി, പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് ദഹിപ്പിച്ചത്. ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ കീഴിലെ പ്രത്യേക സ്ക്വാഡിലുള്ള യുവ വൈദികരായ ഫാ.സെബാസ്റ്റ്യൻ നടവരമ്പൻ, ഫാ.മനോജ് കരിപ്പായി, ഫാ. ജോസഫ് മാളിയേക്കൽ, ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ എന്നിവരാണ് പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷ മുൻകരുതലുകളോടെ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകിയത്. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതിക അവശിഷ്ടങ്ങൾ തിരുകർമ്മങ്ങളോട് കൂടി പോട്ട ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.പോട്ട പള്ളി വികാരി ഫ. ജോയി കടമ്പാട്ട്, അസി. വികാരി ഫ.ടോണി പാറേക്കാടൻ പാലീയേറ്റീവ് കെയർ കോഡിനേറ്റർ ഫാ. വിമൽ പേങ്ങിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.