ഇരിങ്ങാലക്കുട: ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു.
ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ മകൻ വിൽസൻ്റെ(46) മൃതശരീരമാണ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് ദഹിപ്പിച്ചത്.
ഇരിങ്ങാലക്കുട രൂപതയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ കീഴിലെ പ്രത്യേക സ്ക്വാഡിലുള്ള അഞ്ച് യുവ വൈദികരായ ഫാ. വിൽസൺ പേരെപ്പാടൻ, ഫാ.നിജോ പള്ളായി, ഫാ. ജോബി മേനോത്ത്, ഫാ. മെഫിൻ തെക്കേക്കര, ഫാ. നൗജിൻ വിതയത്തിൽ എന്നിവരാണ് പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷ മുൻകരുതലുകളോടെ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകിയത്.
ചെമ്മണ്ട ലൂർദ് മാതാ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പത്തടി താഴ്ചയിൽ കുഴിയെടുക്കാൻ ശ്രമിച്ചപ്പോൾ വെള്ളം കണ്ടതിനെ തുടർന്നാണ് എസ്.എൻ.ബി.എസ് സമാജം മുക്തിസ്ഥാനിൽ ദഹിപ്പിക്കാൻ തീരുമാനിച്ചതെന്ന് വികാരി ഫാ. ബെന്നി ചെറവത്തൂർ അറിയിച്ചു.
മുക്തിസ്ഥാനിൽ മൃതശരീരം ദഹിപ്പിച്ചതിന് ശേഷം ഭൗതിക അവശിഷ്ടങ്ങൾ തിരുകർമ്മങ്ങളോട് കൂടി ചെമ്മണ്ട പള്ളി സെമിത്തേരി കല്ലറയിൽ അടക്കം ചെയ്യുമെന്ന് ഇടവക വികാരി അറിയിച്ചു.
പാലീയേറ്റീവ് കെയർ കോഡിനേറ്റർ ഫാ.ഡിബിൻ ഐയിനിക്കൽ, തോംസൺ, തുടങ്ങിയവർ നേതൃത്വം നൽകി.