പ്രൈതൃക ഭൂവില്‍ വിശ്വാസദീപം ഉയര്‍ത്തി
ആയിരങ്ങളുടെ സംഗമം
കൊടുങ്ങല്ലൂര്‍ : ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ കിരണങ്ങള്‍ ജനഹൃദയങ്ങളില്‍ കൊളുത്താന്‍ മാര്‍ തോമാശ്ലീഹാ കപ്പലിറങ്ങിയ പൈതൃക ഭൂമി കൊടുങ്ങല്ലൂരിനെ ഇളക്കിമറിച്ച് ആയിരങ്ങളുടെ സംഗമം. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ 8-ാമത് മാര്‍ തോമാ തീര്‍ത്ഥാടനത്തില്‍ ആറായിരത്തി അഞ്ഞൂറില്‍പരം വിശ്വാസികള്‍ പങ്കെടുത്തു.
രാവിലെ 7 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയ നടയില്‍ ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ പേപ്പല്‍ പതാക ബിഷപ് മാര്‍ പോളി കണ്ണൂക്കാടന് നല്‍കികൊണ്ട് പദയാത്ര ആരംഭിച്ചു. ലോക സമാധാനത്തിനും ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശാന്തിയ്ക്കും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയാണ് ഇരുപത്തിയഞ്ചുനോമ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ ഈ കാല്‍നട തീര്‍ത്ഥയാത്ര നടത്തുന്നതെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കത്തീഡ്രല്‍ വികാരി റവ. ഫാ. ആന്റു ആലപ്പാടന്‍ അധ്യത വഹിച്ചു.
കോലത്തുംപടിയില്‍ റവ. ഡോ. ബെഞ്ചമിന്‍ ചിറയത്തും പാദുവാനഗറിലെ നൂറുകണക്കിനു വിശ്വാസികളും തീര്‍ത്ഥയാത്രയെ സ്വീകരിച്ചു. നടവരമ്പ് ഇടവക ദൈവാലയ നടയില്‍ വികാരി റവ. ഡോ. ഡേവിസ് ചെങ്ങിനിയാടനും അഞ്ഞൂറോളം ഇടവകക്കാരും തീര്‍ത്ഥ പദയാത്രയ്ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. വടക്കുംകര ഇടവക അതിര്‍ത്തിയിലും വെള്ളാങ്ങല്ലൂര്‍ ജംഗ്ഷനിലും കോണത്തുകുന്നിലും യഥാക്രമം റവ. ഡോ. ജോജോ നെടുംപറമ്പില്‍, റവ. ഫാ. സനീഷ് തെക്കേക്കര, റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ എന്നീ വൈദികരുടെ ഇടവകയില്‍ നിന്നും വിശ്വാസികളും പദയാത്രയ്ക്ക് സ്വീകരണം നല്‍കി. മാര്‍ പോളി കണ്ണൂക്കാടനെ ഹാരമണിയിച്ചും മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന് പൂച്ചെണ്ടുകളും നല്‍കിയും യാത്രയിലുടനീളം ജനക്കൂട്ടങ്ങള്‍ അഭിവാദനങ്ങള്‍ അര്‍പ്പിച്ചു.
കരൂപടന്ന ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ സ്വീകരണം മതസൗഹാര്‍ദ സംഗമ വേദിയായി. മുസ്ലീം മതവിഭാഗത്തിലെ നേതാക്കന്മാരും സ്‌കൂള്‍ പി.ടി. എയും ചേര്‍ന്ന് ബിഷപ് പോളി കണ്ണൂക്കാടന് ബൊക്ക നല്‍കി സ്വീകരിച്ചു. പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിതന്നും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ സജ്ജമാക്കിയും സ്‌കൂള്‍ അധികൃതര്‍ ഭക്തസമൂഹത്തെ സഹര്‍ഷം സ്വാഗതം ചെയ്തു.
രാവിലെ 7.15 ന് കുഴിക്കാട്ടുശ്ശേരി വി. മറിയം ത്രേസ്യയുടെ കബറിട ദൈവാലയത്തില്‍ നിന്നും മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ കൈമാറിയ പേപ്പല്‍ പതാകയും സ്വീകരിച്ച് പുത്തന്‍ചിറ ഫൊറോന വികാരി റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്രയില്‍ നിരവധി വൈദീകരും സന്യസ്തരും അണിചേര്‍ന്നു. പുത്തന്‍ചിറ ഈസ്റ്റ് ദൈവാലയ നടയിലും മങ്കിടി ജംഗ്ഷനിലും സേവിയൂര്‍ പള്ളി അതിര്‍ത്തിയിലും ഗംഭീരമായ വരവേല്‍പ്പ് പദയാത്രയ്ക്ക് ലഭിച്ചു. റവ. ഫാ. ജോസഫ് ഗോപുരം, റവ. ഫാ. ടിനോ മേച്ചേരി എന്നിവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മേലഡൂര്‍ ഇടവകയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ വികാരി റവ. ഫാ. ജോളി വടക്കന്റെ നേതൃത്വത്തില്‍ കാല്‍നടയായി വന്ന് മാര്‍ തോമാ തീര്‍ത്ഥാടനത്തില്‍ അണിചേര്‍ന്നത് വ്യത്യസ്ത അനുഭവമായി. പുല്ലൂറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രഭാതഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.
ഇരിങ്ങാലക്കുടയില്‍ നിന്നും കുഴിക്കാട്ടുശ്ശേരിയില്‍ നിന്നും എത്തിയ രണ്ടു പദയാത്രകള്‍ പുല്ലൂറ്റ് പാലത്തിനു സമീപം സംഗമിച്ചപ്പോള്‍ വിശ്വാസികളുടെ സാഗരമായി മാറി മാര്‍ തോമാ തീര്‍ത്ഥാടനം. ജപമാല ഉറക്കെച്ചൊല്ലിയും പ്രാര്‍ത്ഥനകള്‍ ഉരുവിട്ടും കൈകള്‍ അടിച്ച് ഗാനങ്ങള്‍ ആലപിച്ചും തീര്‍ത്ഥാടകര്‍ പദയാത്ര സജീവമാക്കി. വൈദീക പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ചരിത്രമുറങ്ങുന്ന, മതങ്ങളുടെ ഈറ്റില്ലമായ, സംസ്‌ക്കാരങ്ങളുടെ സംഗമഭൂമിയായ കൊടുങ്ങല്ലൂര്‍ പട്ടണത്തെ ഇളക്കിമറിച്ചുകൊണ്ട് മാര്‍ തോമാ തീര്‍ഥാടനം നടന്നു നീങ്ങുന്നതു കാണാന്‍ നാനാജാതി മതസ്ഥരായ അനേകര്‍ നഗരത്തില്‍ ഒന്നിച്ചുകൂടി. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെ പദയാത്രയ്ക്ക് സ്വീകരണം നല്‍കി. വി. മറിയം ത്രേസ്യയുടെ വേഷധാരികളും യൂണീഫോം ധരിച്ച അമ്മമാരും മാലാഖമാരുടെ വേഷം അണിഞ്ഞ് കുട്ടികളും പൂവിതറി തീര്‍ത്ഥാടകരെ സ്വീകരിച്ചു. സെന്റ് മേരീസ് പള്ളിയങ്കണത്തിലെ സാന്തോം സ്‌ക്വയറില്‍ എത്തിച്ചേര്‍ന്ന പദയാത്രയെ തിങ്ങിനിറഞ്ഞ ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍, വില്ലേജ് ഓഫീസര്‍ പി.പി പ്രവീണ്‍കുമാര്‍, ചേരമാന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി, തിരുവഞ്ചിക്കുളം ക്ഷേത്രം പ്രസിഡന്റ് സത്യധര്‍മ അടികള്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി പാര്‍വതി സുകുമാരന്‍ എന്നിവരും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി, ഫൊറോന വികാരിമാരായ റവ. ഡോ. ആന്റു ആലപ്പാടന്‍, റവ. ഡോ. വര്‍ഗ്ഗീസ് അരിക്കാട്ട്, റവ. ഡോ. ജോസ് വിതമറ്റില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, റവ. ഫാ. വര്‍ഗീസ് ചാലിശ്ശേരി എന്നിവരും തീര്‍ത്ഥയാത്രയുടെ കണ്‍വീനര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്‌ള, ജോയന്റ് കണ്‍വീനര്‍ റവ. ഫാ. വിന്‍സന്റ് പാറയില്‍, ഏകോപന സമിതി സെക്രട്ടറി റവ. ഫാ. തോമസ് ഇളംകുന്നപ്പുഴ എന്നിവരും ചേര്‍ന്ന് കല്‍വിളക്കിലെ തിരികള്‍ തെളിച്ചു.
വി. മറിയം ത്രേസ്യയെക്കുറിച്ചുള്ള ഡോക്യുമെന്റിയോടുകൂടെ ആരംഭിച്ച പരിപാടികള്‍ക്ക് വികാരി ഫാ. അനൂപ് കോലങ്കണ്ണി സ്വാഗതം അറിയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, വികാരി ജനറാള്‍മാര്‍, ഫൊറോന വികാരിമാര്‍, നിരവധി വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. വി. കുര്‍ബാനയുടെ മധ്യേയുള്ള വായനകള്‍ നടത്തിയത് പ്രൊവിന്‍ഷ്യല്‍മാരായ റവ. സി. ലില്ലി മരിയ എഫ്‌സിസി, റവ. സി. വിമല സിഎംസി എന്നിവരും മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മേരി ഫെയ്ത്ത്, സംഘടന പ്രതിനിധികള്‍ ഇടവകയിലെ കൈക്കാരന്മാര്‍, തിരുകുടുംബ സന്യാസിനി പ്രതിനിധി എന്നിവരും ആയിരുന്നു. രൂപതാ ഗായഗസംഘമാണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.
വൈദികരുടെ പുണ്യംകൊണ്ടും സന്യസ്തരുടെ സുകൃതംകൊണ്ടും അത്മായരുടെ ആത്മീയതകൊണ്ടും സമ്പന്നമായ കത്തോലിക്കാ സഭയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും ആകില്ലെന്നും ചര്‍ച്ച് ആക്ട് പോലുള്ള നിയമങ്ങള്‍കൊണ്ടുവന്ന് സഭയെ ഒതുക്കാന്‍ ഒരു പ്രസ്ഥാനത്തിനും കഴിയില്ലെന്നും വേണ്ടിവന്നാല്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാന്‍ വിശ്വാസികള്‍ തയ്യാറാണെന്നും സന്ദേശത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വിശ്വാസത്തെ അനുദിനം മൂര്‍ച്ചകൂട്ടണമെന്നും ജീവനോട് ആദരവ് ഉള്ളവരായി വിശ്വാസികള്‍ മാറണമെന്നും നല്ല കുടുംബങ്ങളെ കെട്ടിപ്പടുത്താന്‍ സമൂഹത്തില്‍ മാതൃകാദമ്പതികള്‍ ഉണ്ടാകണമെന്നും ദൈവവിളികളെ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ത്തിപ്പിടിച്ച കരങ്ങളില്‍ കത്തിച്ച തിരികളുമായി വിശ്വാസികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ തോമാ തീര്‍ത്ഥ യാത്രയുടെ ചെയര്‍മാന്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സംസ്ഥാന ലോഗോസ് പ്രതിഭ പതിനൊന്നു വയസ്സുകാരി മെറ്റില്‍ഡ ജോണ്‍സനെയും അവളുടെ മാതാപിതാക്കളായ ആളൂര്‍ കൈനാടത്തുപറമ്പില്‍ ജോണ്‍സണ്‍ ഭാര്യ അല്‍ഫോന്‍സ സഹോദരന്‍ സെമിനാരി വിദ്യാര്‍ഥിയായ ആല്‍ബിന്‍ എന്നിവരെയും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ ആദരിച്ചു. നിറഞ്ഞ കയ്യടികളോടെ ആയിരക്കണക്കിന് ആളുകള്‍ കുരുന്നു പ്രതിഭയെ ബഹുമാനിച്ചപ്പോള്‍ ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഫാ. ജോജു കോക്കാട്ടിനും രൂപതയ്ക്കും അഭിമാന നിമിഷമായി മാറി. തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നേര്‍ച്ചഭക്ഷണം പന്തലില്‍ തന്നെ സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘനൃത്തവും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക മതബോധന വിദ്യാര്‍ത്ഥിനിയുടെ നാടോടി നൃത്തവും മേട്ടിപ്പാടം സെന്റ് ജോസഫ്‌സ് ഇടവകക്കാര്‍ അവതരിപ്പിച്ച മാര്‍ഗംകളിയും സെന്റ് മേരീസ് ചര്‍ച്ച് കൊടുങ്ങല്ലൂരിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘനൃത്തവും കല്‍പറമ്പ് ഫൊറോന ഇടവകയുടെ കഥാപ്രസംഗവും എലിഞ്ഞിപ്ര സെന്റ് ഫ്രാന്‍സിസ് അസീസി ഇടവകയിലെ ഇവാന ക്രിസ് ലോറന്‍സിന്റെ നാടോടി നൃത്തവും ഇരിങ്ങാലക്കുട കത്തീഡ്രലിന് കീഴിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റിലെ വിദ്യര്‍ഥിനികള്‍ അവതരിപ്പിച്ച മാര്‍ഗംകളിയും അരങ്ങേറി.
രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, ഭക്ത സംഘടനാ ഭാരവാഹികള്‍, ഫൊറോന കോ- ഓര്‍ഡിനേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, കൊടുങ്ങല്ലൂര്‍ ഇടവകയിലെ മദര്‍ സുപ്പീരിയര്‍മാരായ സി, ഷാര്‍ലറ്റ് എഫ്‌സിസി, റവ. സി. ഏയ്ഞ്ചല്‍ റോസ് എഫ്‌സിസി, റവ. സി. പുഷ്പ സിഎംസി എന്നിവരും കൈക്കാരന്മാരായ ജോസ് മാത്യു തോട്ടനാനിയില്‍, ഷാജു കൂളിയാടന്‍, ജോണ്‍സന്‍ എലുവത്തിങ്കല്‍ എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മറ്റികളാണ് എട്ടാമത് കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനത്തിന് നേതൃത്വം വഹിച്ചത്.