ഇരിങ്ങാലക്കുട : കേരളസഭ നവീകരണത്തിന്റെ ഭാഗമായി മേയ് 19 ന് രൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലോഗോ ഏറ്റുവാങ്ങി. പരിശുദ്ധ കുര്‍ബാനയിലുള്ള വിശ്വാസമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ വേര് എന്ന് പരിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമായുള്ള ക്രൈസ്തവ വിശ്വാസം പടര്‍ന്നു പന്തലിക്കുന്നതാണ് ദിവ്യകാരുണ്യമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത അധ്യക്ഷനുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ മാര്‍ യൂഹന്നാന്‍ തെയഡോഷ്യസ്, കെസിബിസി ജനറല്‍ സെക്രട്ടറി മാര്‍ അലക്‌സ് വടക്കുംതല, ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, രൂപതയിലെ വൈദികരും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഉച്ചിയുമായ ദിവ്യകാരുണ്യത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന തരത്തിസാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 60 ദിവസങ്ങള്‍ ശേഷിക്കേ, മാര്‍ച്ച് 19 ന് തൃശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലായിരുന്നു ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.